"എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ മേലാശാരി ?"
ഇറയത്തു കസേര ഇട്ടിരിക്കുന്ന മേലാശാരിയെ നോക്കി ഒതുക്കുകല്ലില്‍ നിന്നുകൊണ്ട് ആരൊക്കെയോ ചോതിച്ചു, എന്നിട്ട് മെല്ലെ നടക്കല്ലിറങ്ങി. പോകുന്നവരെയും നോക്കികൊണ്ട് ഇടുങ്ങിയ ഇറയത്തു മേലാശരി വെറുതെ ഇരുന്നു.
കുറച്ചു ദിവസമായി എല്ലാവരും ഉണ്ടായിരുന്നു , കുറച്ചു ദിവസം മുന്‍പ് വരെ അവളും. ഇനി ഓരോരുത്തരായി എല്ലാവരും പോകും അവസാനം മേലാശാരി മാത്രമാകും.
ഇത്രയും കാലം അവള്‍ ഉണ്ടായിരുന്നു എന്ന ധൈര്യമായിരുന്നു മേലാശാരിയെ ഓരോ ദിവസവും ജീവിക്കാന്‍ പ്രേരിപിച്ചത് . പ്രായാധിക്യം കാരണം ഒന്നും ചെയ്യാന്‍ പറ്റില്ലെങ്കിലും കൂടി ആരെയും ഒരു കാര്യത്തിനും ശല്യം ചെയ്യാതെ മേലാശാരി ജീവിച്ചു. എന്നെങ്കിലും ഒരിക്കല്‍ വീണുപോയാല്‍ , മാറാ ദീനം വന്നു കിടപ്പിലായാല്‍, അവള്‍ ഉണ്ടാവും , എന്നും കൂടെ ഉണ്ടാവും എന്ന ഒരു ജീവിത കാലത്തിന്റെ അനുഭവത്തിന്റെ ധൈര്യം.
അവള്‍ പോയതിനു ശേഷം ഓരോ ദിവസമായി ഉള്ളില്‍ നിന്നും ചോര്‍ന്നു പോകുന്ന ധൈര്യം ഒരു കണ്ണുനീര്‍ തുള്ളിയായി വരണ്ട മുഖത്തിലൂടെ ഒഴുകി താഴെ വീണു.
എങ്ങുനിന്നോ പറന്നു വന്ന ഒരു കാക്ക തെങ്ങിന്റെ ഓലയില്‍ ഇരുന്നു തന്നെ നോക്കുന്നത് മേലാശാരി കണ്ടു. പെട്ടെന്ന് എവിടെയോ ഒരു ആളനക്കം കണ്ടിട്ടാവണം, കരഞ്ഞുകൊണ്ട് കാക്ക എങ്ങോട്ടോ പറന്നു പോയി.
മക്കളും, മരുമക്കളും, ബന്ധുക്കളുമെല്ലാം മേലാശാരിയെ സഹതാപത്തോടെ നോക്കി യാത്ര പറഞ്ഞിറങ്ങുമ്പോള്‍, മേലാശാരി മാത്രം പ്രാര്‍ത്ഥിച്ചു, രാത്രിയാവാതിരിക്കാന്‍ , അല്ലെങ്കില്‍ പകലുകള്‍ ഒരിക്കലും തീരാതിരിക്കാന്‍. പോക്കുവെയില്‍ മുറ്റതുണ്ടാക്കുന്ന നിഴലുകള്‍ക്ക് വലുപ്പം വെക്കുംതോറും മേലാശാരിയുടെ ധൈര്യം കുറഞ്ഞു കുറഞ്ഞു വന്നു.
രാത്രിയില്‍ എങ്ങാനും മൂത്രമൊഴിക്കാന്‍ പുറത്തു ഇറങ്ങേണ്ടി വന്നാല്‍ , എന്നോ ആരോ കൊണ്ടുകൊടുത്ത വളഞ്ഞ ഊന്നുവടിയുമായി നടക്കല്ലിറങ്ങുമ്പോള്‍, എങ്ങാനും ഒന്ന് വീണുപോയാല്‍ , കൈ പിടിച്ചു എഴുന്നെല്പിക്കാന്‍ പോലും അവള്‍ക്കവില്ലെങ്ങിലും കൂടി , അകത്തു തന്നെയും കാത്തു ഒരു ചെറിയ ശ്വാസോച്ച്വാസം ഉള്ളത് തന്നെ ഒരു തരം ധൈര്യമായിരുന്നു മേലാശാരിക്ക്. ഇനി തന്നെയും കാത്തു അങ്ങനെ ഒരു ജീവന്‍ , തന്നെ കുറിച്ച് മാത്രം ഓര്‍ത്തു വിലപിക്കുന്ന ഒരാള്‍ ഇല്ലെന്ന സത്യം ഒരു വേദനയായി മേലാശാരിയെ കവര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു.
രാത്രിയില്‍ വെറുതെ മകനെയും മരുമകളെയും വിളിച്ചു ശല്യം ചെയ്യുംബോഴൊക്കെ മേലാശാരി അവളോട് ഒരു പാട് തവണ പറഞ്ഞിരുന്നു മിണ്ടാതെ കിടക്കാന്‍, ഒരു തുള്ളി വെള്ളത്തിന് വേണ്ടി കരയുമ്പോള്‍ , അവസാനം ശ്വാസം തൊണ്ടയില്‍ നിന്ന് പോകുമ്പോള്‍ ആരും ഉണ്ടാവാറില്ല എന്നൊക്കെ. അവസാനം അത് തന്നെ സംഭവിച്ചു, മേലാശാരിയും കേട്ടതായിരുന്നു അവസാനത്തെ ആ വിളി, പക്ഷെ ഒരു ജീവിതകാലം മുഴുവന്‍ ഒരു നിഴലായി കൂടെ ജീവിച്ചവളുടെ അവസാനത്തെ കരച്ചിലിന്റെ അര്‍ഥം മേലാശാരിക്ക് പോലും മനസിലായില്ല. ആ ഒരു നിമിഷത്തെ, അല്ലെങ്ങില്‍ ഒരു നിമിഷത്തിന്റെ ശ്രദ്ധ ഇല്ലായ്മയെ മേലാശാരി വെറുതെ ശപിച്ചുകൊണ്ടിരുന്നു.
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് മേലാശാരിക്ക് ഓര്‍മ ഉണ്ടായിരുന്നില്ല, അതിനിടയില്‍ എപ്പോഴോ ഉറങ്ങി പോയിരുന്നു. ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് എന്ന് പറയാന്‍ കൊച്ചുമകള്‍ വന്നു വിളിച്ചപ്പോഴാണ് മേലാശാരി ഞെട്ടി ഉണര്‍ന്നത്. അപ്പോഴേക്കും എല്ലാവരും പോയിരുന്നു. തികഞ്ഞ നിശബ്ദതയിലും ഇരുട്ടിന്റെ അട്ടഹാസം മേലാശാരിക്ക് കേള്‍ക്കാമായിരുന്നു. എപ്പോഴോ പെയ്ത ചാറ്റല്‍ മഴക്കുണ്ടായ ഈയാം പാറ്റകളില്‍ കുറെയെണ്ണം വിലക്കിന് ചുറ്റും ചത്ത് വീണിരുന്നു, ബാക്കിയുള്ളവ നൈമിഷികമായ ജീവനും കൊണ്ട് വിളക്കിനു ചുറ്റും പാറി നടന്നു.
മുനിഞ്ഞു കത്തുന്ന വഴിവിളക്കിന്റെ അരണ്ട വെളിച്ചതിലോട്ടു നോക്കിയിരിക്കുമ്പോള്‍ കൊച്ചുമകള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു മേലാശാരിയുടെ കൈ പിടിച്ചു എഴുന്നേല്പിച്ചു കൈയും മുഖവും കഴുകിച്ചു. എല്ലാവര്ക്കും തന്നോടുള്ള സ്നേഹവും ബഹുമാനവും വെറും സഹതാപമായി മാറുന്ന കാര്യം മേലാശാരി വേദനയോടെ മനസിലാക്കിക്കൊണ്ടു ആരോടെന്നില്ലാതെ വെറുതെ പറഞ്ഞു ;
"ഇനി എത്ര കാലം ഇങ്ങനെ ജീവിക്കണം" .
അടഞ്ഞ തൊണ്ടയില്‍ നിന്നും ശബ്ദത്തിനു പുറത്തോട്ടു വരാന്‍ ഒരു മടി പോലെ.
ചവച്ചു തുപ്പിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഒരു കടലാസില്‍ പൊതിഞ്ഞു ദൂരേക്കെറിഞ്ഞു അവിടെ ഉണ്ടായിരുന്ന പാത്രത്തിലെ വെള്ളത്തില്‍ കൈയും വായും കഴുകിയപ്പോഴേക്കും കിടക്കാനുള്ള പായ കൊട്ടി വിരിച്ചു കൊച്ചുമകള്‍ മേലാശാരിയെ വന്നു വിളിച്ചു.
അടുത്ത മുറിയിലെ ഒഴിഞ്ഞ കട്ടിലിലോട്ടു നോക്കി വെറുതെ കിടക്കുമ്പോള്‍ മേലാശാരി വെറുതെ ആലോചിച്ചു, ഇനിയും എത്ര കാലം, എത്ര കാലം ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കണം? പിന്നെ പ്രാര്‍ത്ഥിചു പുതപ്പും മൂടി കണ്ണുമടച്ചു കിടന്നു.
കരചരണ കൃതം വ: കായജം കര്മജം വ:
ശ്രവണ നയനാജം വ: മാനസം വാപരാധം .
വിതിതമാവിഹിതം വ: സര്‍വമേതക്ഷമാസ് വ :
ജയ ജയ കരുണാബ്തെ ശ്രി മഹാദേവ ശംഭോ !!!