ഒക്ടോബറിലെ പകലുകള്‍ക്ക് ആയുസ് കുറവാണ്. കാലം തെറ്റി വരുന്ന മഴ കൂടി ആവുമ്പോള്‍ ഇരുട്ട് പെട്ടെന്ന് കടന്നു വരും. ആവര്‍ത്തന വിരസമായ മറ്റൊരു പകലിന്റെ അവസാനം സിദ്ധാര്‍ഥ് ഓഫീസ് വിട്ടിറങ്ങി. എപ്പോഴോ തുടങ്ങിയ മഴ തോര്‍ന്നിരുന്നു. മരത്തിന്റെ ഇലകളില്‍ അവസാന മഴത്തുള്ളിയും താഴേക്ക് വീഴാന്‍ വെമ്പല്‍ കൊണ്ട് നിന്നു. പെട്ടെന്ന് എവിടെയോ നിന്നു വന്ന കാറ്റ് ഒരു ചാറ്റല്‍ മഴ പെയ്യിച്ചു എങ്ങോട്ടോ പോയി.
ഓഫീസില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍, വാഹനങ്ങളുടെ വെപ്രാള പാച്ചില്‍ ആയിരുന്നു റോഡ് മുഴുവനും. എല്ലാവരും എന്തൊക്കെയോ നേടാനുള്ള ഒരുതരം മത്സരം പോലെ ആരെയും കാത്തുനില്‍ക്കാതെ എങ്ങോട്ടൊക്കെയോ പാഞ്ഞു പോയ്കൊണ്ടിരുന്നു. മഴയുടെ തണുപ്പെന്ന കാരണം പറഞ്ഞുകൊണ്ട് ബൈക്കിന്റെ പുറകില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന കാമുകി, ആരുടേയും കണ്ണില്‍ പെടുന്നില്ല എന്ന തെറ്റ് ധാരണയോടെ കര്‍ട്ടന്‍ താഴ്ത്തിയ ഓട്ടോയില്‍ തോട്ടുരുമിക്കൊണ്ട് കുശലം പറയുന്നവര്‍, ഒരു ദിവസത്തെ ജോലിയുടെ മുഴുവന്‍ ക്ഷീണവും, അടുത്ത ദിവസത്തെ ജോലിയുടെ ടെന്‍ഷനും കൊണ്ട് തലപുകഞ്ഞു കൊണ്ട് പോകുന്നവര്‍, എപ്പോഴോ തുടങ്ങിയ, എപ്പോഴോ അവസാനിക്കുന്ന മെട്രോ റെയില്‍ ന്റെ പണിക്കാര്‍, പിന്നെ എങ്ങോട്ടൊക്കെയോ പോകുന്ന ഒരുപാട് ആളുകള്‍, അങ്ങനെ എല്ലാവരും കൂടി റോഡില്‍ ഒരു വലിയ ട്രാഫിക് ജാം തന്നെ ഉണ്ടാക്കിയിരുന്നു.
ഓഫീസില്‍ നിന്നു ഇറങ്ങി എങ്ങോട്ട് പോണം എന്നറിയാതെ സിദ്ധാര്‍ഥ് വിഷമിച്ചു നിന്നു. ആരെയെങ്ങിലും കൂട്ടിനു വിളിക്കാം എന്ന് വിചാരിച്ചാല്‍ എല്ലാരും തിരക്കായിരിക്കും. എല്ലാവര്ക്കും ചെയ്യാന്‍ എന്തൊക്കെയോ ഉണ്ട്, പക്ഷെ ഈ ഇടെ ആയി സിദ്ധാര്‍ഥ് ത്തിനു മാത്രം ഒന്നും ചെയ്യാന്‍ ഇല്ലാത്തതു പോലെ. പിന്നെ ഫുട്പാത്തിലൂടെ ഇറങ്ങി നടന്നു, എന്നും നടക്കാറുള്ള അതെ വഴികളിലൂടെ. സ്ഥിരമായ വഴികള്‍ ആയതു കൊണ്ട് സിദ്ധാര്‍ഥ് നു എല്ലാം പരിചയമാണ്. ഗേറ്റില്‍ നില്‍ക്കുന്ന വാച്ച് മാന്‍ , അടുത്ത പെട്രോള്‍ ബങ്ക് ലെ കരുത്തിട്ടാനെങ്ങിലും സുന്ദരിയായ പെണ്‍കുട്ടി , സൈകിളില്‍ ചായ വില്‍ക്കുന്ന തമിഴന്‍ ചെക്കന്‍, ഉന്തുവണ്ടിയില്‍ കടല വറുക്കുന്ന കൊഴികൊടുകാരന്‍ ചേട്ടന്‍ , അങ്ങനെ എല്ലാം എല്ലാം.
നേരെ നടന്നു കയറിയത് അടുത്ത ജന്ക്ഷനിലെ ബാറിലോട്ടയിരുന്നു. വാതില്‍ക്കല്‍ നില്‍ക്കുന്ന, നരച്ച യുനിഫോമും , കീറിയ തൊപ്പിയും ഇട്ട വയസന്‍ കാവല്‍ക്കാരന്‍ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു കൊടുത്തു. ബാറില്‍ സിദ്ധാര്‍ഥ് സ്ഥിരമായി ഇരിക്കാറുള്ള സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അങ്ങിങ്ങായി കുറച്ചു പേര്‍ മാത്രമേ അവിടെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. സീറ്റില്‍ ഇരുന്നപ്പോഴേക്കും വെയിറ്റര്‍ ഒരു കുപ്പി ബ്രാണ്ടി ഉം , ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഉം , ഒരു ഗ്ലാസും , ഒരു പ്ലേറ്റ് വറുത്ത കടലയും കൊണ്ട് വച്ചിട്ട് പരിചയ ഭാവേന ഒരു ചിരിയും ചിരിച്ചിട്ട് പോയി. അവിടെയും എല്ലാവരും സിദ്ധാര്‍ഥ് നു പരിചയം ഉള്ളവരാണ്, കാരണം കുറച്ചു നാളുകളായി സിദ്ധാര്‍ഥ് ന്റെ പകലുകള്‍ മരിക്കുന്നതും , രാവുകള്‍ ജനിക്കുന്നതും അതെ ബാറില്‍ , അതെ സീറ്റില്‍ തന്നെ ആയിരുന്നു.
സമയം കഴിയും തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. പതുക്കെ പാടിക്കൊണ്ടിരുന്ന ഏതോ കന്നഡ പാട്ടിന്റെ ശബ്ദത്തിനു മുകളില്‍ ആള്‍ക്കാരുടെ സന്തോഷങ്ങളും, വേദനകളും, സ്വപ്നങ്ങളും തല നീട്ടി പുറത്തു വന്നു. അവിടെ വരുന്ന എല്ലാവര്ക്കും സത്യങ്ങള്‍ മാത്രമേ പറയാന്‍ കഴിയു എന്ന് സിദ്ധാര്‍ഥ് നു തോന്നി. ഒരു പക്ഷെ ഒരു കുമ്പസാര കൂടും ഇത്ര അധികം സത്യങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. മറ്റുള്ളവരുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ഥ് മാത്രം തനിച്ചിരുന്നു. മൊബൈല്‍ ഫോണിലെ അഡ്രസ് ബുക്കില്‍ കണ്ണോടിച്ചപ്പോള്‍ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. അവരോടൊക്കെ എന്തൊക്കെയോ സംസാരിക്കണം എന്ന് സിദ്ധാര്‍ഥ് നു തോന്നി. പക്ഷെ വിളിക്കാനും സംസാരിക്കാനും ധൈര്യം ഇല്ലാത്തതു കാരണം , അഡ്രസ് ബുക്കിലെ അടുത്ത നമ്പര്‍ തിരഞ്ഞു പോയി. അവസാനത്തെ നമ്പര്‍ ഉം കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു വിഷമത്തോടെ മൊബൈല്‍ ഫോണ്‍ ടേബിളിനു മുകളില്‍ വച്ചു . പിന്നെയും എടുത്തു അഡ്രസ് ബുക്ക് തിരയാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം എത്ര തവണ ചെയ്യും എന്ന് സിദ്ധാര്‍ഥ് നു പോലും ഒരു കണക്കുണ്ടാവാറില്ല.
തലയ്ക്കു കനം കൂടി വരുന്നതിനു കണക്കായി, പുറത്തെ ഇരുട്ടിനും കനം കൂടിക്കൊണ്ടിരുന്നു. പിന്നെയും ഒരു പാടുപേര്‍ വന്നു , ഒരു പാടുപേര്‍ പോയി. ഒരു പാട് സങ്ങടങ്ങളും, സന്തോഷങ്ങളും, വേദനകളും അവിടെയാകെ തങ്ങി നിന്നു.
ബാറുകാരന്‍ ചെക്കന്‍ വന്നു പറഞ്ഞപ്പോഴാണ് സിദ്ധാര്‍ഥ് വാച്ചിലേക്ക് നോക്കിയത്. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. വെയിറ്റര്‍ കൊടുത്ത ബില്‍ പേ ചെയ്തു തിരിച്ചിറങ്ങുമ്പോള്‍ , നേരത്തെ സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു തന്ന വയസന്‍ കാവല്‍ക്കാരന്‍ ഒരു വരണ്ട ചിരിയുമായി ഒരു സല്യൂട്ട് കൂടി കൊടുത്തു. എന്നും പതിവുള്ളത് പോലെ, സിദ്ധാര്‍ഥ് പേഴ്സ് ലെ ബാക്കി ഉണ്ടായിരുന്ന ചില്ലറകള്‍ അയള്‍ക്കിട്ടുകൊടുത്തു പുറത്തേക്കിറങ്ങി.
റോഡിന്റെ മൂലയ്ക്ക് കൂട്ടിയിരുന്ന വേസ്റ്റ് കൂനയില്‍, ഭക്ഷണത്തിന് വേണ്ടി കുറെ ചാവാലി പട്ടികള്‍ കടി പിടി കൂടി. ദിക്ക് മാറി വന്നത് കൊണ്ടാവാം, ഒരു പട്ടിയെ ബാക്കി എല്ലാ പട്ടികളും കൂടി കുരച്ചു കൊണ്ട് ഓടിച്ചു. വാലും ചുരുട്ടികൊണ്ട് അത് ഇരുട്ടിലേക്ക് എങ്ങോട്ടോ ഓടിപോയി.
ഇരുട്ടില്‍, ഭ്രാന്തിന്റെ വഴികളിലൂടെ നടക്കുമ്പോള്‍ സിദ്ധാര്‍ഥ് ന്റെ ഉള്ളില്‍ മറ്റൊരു ലഹരിയുടെ ആവേശം തികട്ടി വന്നു. എപ്പോഴോ മനസ്സില്‍ വീണ ആ ലഹരിയുടെ ബീജം വളര്‍ന്നു വളര്‍ന്നു ഒരു വലിയ ഭീമാകാരനായ മൃഗമായി മാറിയിരുന്നു സിദ്ധാര്‍ഥ് ന്റെ മനസ്സില്‍ അപ്പോള്‍.
അര്‍ദ്ധരാത്രിയില്‍, റോഡരികില്‍ മനുഷ്യമാംസത്തിനു വേണ്ടി സിദ്ധാര്‍ഥ് വിലപേശി. ഒരു നിമിഷത്തേക്ക് സിദ്ധാര്‍ഥ് നു അവനോടു തന്നെ അറപ്പ് തോന്നി. പക്ഷെ അകത്തു കത്തുന്ന മദ്യവും, ഒരു തരം ഭ്രാന്തമായ ആവേശവും സിദ്ധാര്‍ഥ് നെ കാര്‍ന്നു തിന്നുകയായിരുന്നു. പേശി ഉറപ്പിച്ച കാശും കൊടുത്തു, ഒരുത്തിയേയും കൂട്ടി, ഇരുട്ടില്‍ ഒരു മറ അന്വേഷിച്ചു നടന്നു.
വാതില്‍ തള്ളി തുറന്നപ്പോള്‍, മദ്യത്തിന്റെയും, സിഗരറ്റിന്റെയും ഒരു തരം വൃത്തികെട്ട മണം സിദ്ധാര്‍ഥ് ന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി.തുറന്നിട്ട ജനലിലൂടെ പുറത്തെ സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചം മുറിയിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.പിന്നെ മുറിയിലെ അരണ്ട വെളിച്ചത്തില്‍ , അവര്‍ കലിയുഗത്തില്‍ നിന്നും ദ്വാപര യുഗവും , ത്രെതായുഗവും പിന്നിട്ടു യുഗങ്ങളോളം പിന്നിലോട്ടു പോയി. അവിടെ അവര്‍ മൌട്ങല്യനും, നാലായനിയുമായി. വൃദ്ധനും , കുഷ്ട്ട രോഗിയുമായ മോട്ങല്യനെ അവള്‍ ശുശ്രൂഷിച്ചു. മഹാമുനിയായ മൌട്ങല്യന്റെ കോപത്തിലും , വാശിയിലും തളരാതെ അവള്‍ മുനിവര്യന്റെ പ്രീതിക്ക് പാത്രമായി. സന്തോഷവാനായ മൌട്ങല്യന്‍ നാലായനിക്ക് വരം കൊടുക്കാന്‍ തീരുമാനിച്ചു. വരമായി തന്നെ അഞ്ചു രൂപത്തില്‍ ത്രിപ്തിപെടുത്താന്‍ നാലായനി ആവശ്യപെട്ടു. പിന്നെ മൌട്ങല്യന്‍ മരമായും , കാറ്റായും, മലയായും, മനുഷ്യനായും , അങ്ങനെ പല രൂപങ്ങള്‍ പൂണ്ടു നാലായനിയെ ത്രിപ്തിപെടുത്തി.
പകലിന്റെ ആരംഭത്തില്‍ അവര്‍ സിദ്ധാര്‍ഥ് ആയും, വേശ്യ പെണ്ണായും പുനര്‍ജനിച്ചു. വികാരം ശമിക്കാത്ത അവള്‍ , സിദ്ധാര്‍ഥ് നെ അവിടെ വിട്ടിട്ടു പോയി, അടുത്ത ജന്മത്തില്‍ ഭൂമിയിലെ ദ്രൗപതിയായി ജനിക്കാന്‍. മറ്റൊരു ആവര്‍ത്തന വിരസമായ പകലിന്റെ വരവിനെ ശപിച്ചുകൊണ്ട് സിദ്ധാര്‍ഥ് അവിടെ തന്നെ കിടന്നു.