വളരെ യാദ്രിശ്ചികമായിട്ടയിരുന്നു തിരക്കേറിയ ആ ഷോപ്പിംഗ് മാളില്‍ വച്ചു ഞാന്‍ അവളെ കാണുന്നത്, അതും നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം. തികച്ചും കുറ്റബോധം തോന്നുന്ന ചില നിമിഷങ്ങളില്‍ അവളെ ഞാന്‍ ഫോണ്‍ ചെയ്യാരുണ്ടെങ്ങില്‍ പോലും, സ്കൂള്‍ വിട്ടതിനു ശേഷം കാണുന്നത് ഇത് ആദ്യമായിട്ടാണ്.
നീണ്ട കാലയളവ് എന്നിലും അവളിലും സ്വാഭാവികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുന്ടെങ്ങില്‍ പോലും ആദ്യം കണ്ടപ്പോള്‍ തന്നെ നമ്മള്‍ പരസ്പരം തിരിച്ചറിഞ്ഞു. പഴയതില്‍ നിന്നും അവള്‍ കുറച്ചു കരുത്തിട്ടുണ്ടായിരുന്നു, പിന്നെ അല്പം തടിക്കുകയും ചെയ്തു. അത്യാവശ്യം നീളമുള്ള മുടി പകുതിക്ക് വച്ചു മുറിച്ചു കളഞ്ഞിരുന്നു. അതിനെല്ലതിനും ഉപരി, ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് അവളുടെ കണ്ണുകളിലെ ഭാവ മാറ്റമായിരുന്നു.എന്നും ഒരുതരം കുസൃതി നിറഞ്ഞു നിന്ന കണ്ണുകളില്‍, ദുഖത്തിന്റെയും , നഷ്ടബോധത്തിന്റെയും ഭാവങ്ങള്‍ നിഴലിച്ചു നിന്നിരുന്നു.
കശുമാവുകള്‍ മാത്രമുള്ള ആ മൊട്ടക്കുന്നിന്റെ മുകളില്‍ ഉള്ള ബോര്‍ഡിംഗ് സ്കൂളില്‍ വച്ചായിരുന്നു ഞാന്‍ അവളെ പരിചയപ്പെടുന്നത്. എന്നും ഒരുതരം സ്വപ്നലോകത്തില്‍ തുള്ളി ചാടി നടന്നിരുന്നു, ആണ്‍കുട്ടികളെ പോലെ സ്മാര്‍ട്ട് ആയിരുന്ന അവളെ എന്നും എല്ലാവരും തെറ്റിദ്ധരിച്ചിരുന്നു, ഒരു പരിധി വരെ ഞാനും. എപ്പോഴും കഥകളും, കവിതകളും, സ്വപ്നങ്ങളും, കുസൃതികളും കൊണ്ട് നടന്നിരുന്ന അവള്‍ എല്ലാവരില്‍ നിന്നും എന്തൊക്കെയോ മറച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാം ഒരു ദിവസം ഒരു കരച്ചിലായി പുറത്തു വരുന്നത് വരെ അവളുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നു.
നീണ്ട ഏഴു വര്‍ഷത്തിന്റെ അവസാന നാളുകളില്‍ എപ്പോഴോ ആയിരുന്നു ആളൊഴിഞ്ഞ ക്ലാസ്സ് റൂം വരാന്തകളില്‍ വച്ചു നമ്മള്‍ നമ്മുടെ പ്രണയം പറഞ്ഞത്. നനുത്ത ക്യുടികുറയുടെ മണമായിരുന്നു അവളുടെ പ്രണയത്തിനു, വെള്ളിക്കൊലുസുകളുടെ ശബ്ദവും. ഇപ്പോഴും ചിലപ്പോള്‍ ഇരുട്ട് നിറഞ്ഞ ആ ഇടനാഴികളുടെ ശ്വാസത്തില്‍ പ്രണയത്തിന്റെ ആ മണവും, ചെവികളില്‍ ആ ശബ്ദവും ഉണ്ടായിരിക്കാം. ഒരു പക്ഷെ ഇനിയും പറയപ്പെടുന്ന പുതിയ പുതിയ പ്രണയങ്ങള്‍ക്ക് പറഞ്ഞു പുളകം കൊള്ളാന്‍ ഒരു കഥ പോലെ തലമുറകള്‍ കൈ മാരിയെന്നുമിരിക്കാം.
'നീ ഒരു പാട് മാറിയിരിക്കുന്നു'
നീണ്ട മൌനത്തിനു അറുതി വരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.
'നീയും', ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.
'ഒരു പാട് ഷോപ്പിംഗ് നടത്തിയ മട്ടുണ്ടല്ലോ?' കയ്യിലെ തുണിത്തരങ്ങളുടെ പാക്കെറ്റ് നോക്കിക്കൊണ്ട് ഞാന്‍ ചോതിച്ചു.
'ഓഹ് അതോ, അത് ഒരു വിശേഷമുണ്ട്. എന്റെ കല്യാണം ഉറപ്പിച്ചു' . വളരെ നിസങ്കംമായ ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്.
എന്ത് പറയണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍, പഴയ കുസൃതിത്തരങ്ങള്‍ കണ്ണിലേക്കു വരുത്താന്‍ ശ്രമിച്ചു അവള്‍ തുടര്‍ന്നു.
'ഇനിയും വയ്യെടാ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കാന്‍, അമ്മയുടെ നിര്‍ബന്ധം ഒരു ഭാഗത്ത്, പിന്നെ അനുജത്തിയും. ഒരു പാട് കാലം എന്തിനൊക്കെയോ വേണ്ടി കാത്തിരുന്നു, ഒന്നും നടന്നില്ല. അവസാനം ഒരാള്‍ വന്നു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഒരു ബാധ്യത ഒഴിപ്പിക്കുന്നത് പോലെ എല്ലാവരും സമ്മതം മൂളിയപ്പോള്‍, അങ്ങനെ തന്നെ ആവട്ടെ എന്നും ഞാനും കരുതി'
ജീവിതത്തിലെ ഒരു സുപ്രധാനമായ ഒരു കാര്യം അവള്‍ വെറും നാല് വാക്യങ്ങളില്‍ ചുരുക്കി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അവളുടെ മനസ് ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തന്നെ കിടന്നു.
നമ്മള്‍ ഒരാളെ പ്രണയിക്കുമ്പോള്‍ അത് ഭ്രാന്തമായ, തീവ്രമായ, അസാധാരണമായ പ്രണയം ആയിരിക്കണം, അല്ലെങ്കില്‍ അത് ഒരുതരം സമയം മെനെക്കെടുതലാണ്. അവള്‍ എന്നും പറയുന്നത് ഞാന്‍ ഓര്‍ത്തു. ജീവിതത്തില്‍ ഒരുപാട് സാധാരണമായ കാര്യങ്ങള്‍ ഉണ്ട്, പക്ഷെ പ്രണയം അതില്‍ ഒന്നായിരിക്കരുത്.
ഞാന്‍ അവളെ പ്രണയിചിരുന്നുവോ? ഈ വൈകിയ വേളയില്‍ ഇല്ല എന്ന് പറയുന്നതാണ് എനിക്കിഷ്ടം. കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരിക്കലും ഒരു സമയം മെനെക്കെടുത്തല്‍ അല്ലെങ്കില്‍ പോലും, ഭ്രാന്തമായി, തീവ്രമായി, അസാധാരണമായി ഞാന്‍ അവളെ പ്രണയിച്ചിട്ടില്ല. അവളും അങ്ങനെ തന്നെ ആവട്ടെ.
(ഇവിടെ ഒരു ഹൃദയം മുറിച്ചു മാറ്റപെട്ടിരിക്കുന്നു, അതുകൊണ്ട് ഇവിടെ ചോര കിനിയുന്നുണ്ട്)
വൈകി എടുത്ത അവളുടെ ഈ തീരുമാനം എല്ലാത്തില്‍ നിന്നും ഒരുതരം രക്ഷപ്പെട്ടുള്ള ഒളിച്ചോടല്‍ ആയിരുന്നു എന്ന് എനിക്ക് തോന്നി.
ദീര്‍ഖമായ ഒരു വിവാഹ ജീവിതം ആശസിച്ചു കൊണ്ട് നടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു, കാരണം ഒരു പക്ഷെ, ഒരൊറ്റ നോട്ടത്തില്‍ ഞാന്‍ ചിലപ്പോള്‍ അവളുടെ ആ പഴയ കൂട്ടുകാരന്‍ ആയേനെ. പിന്നില്‍ ആള്‍ക്കാരുടെ ശബ്ദങ്ങള്‍ക്കിടയില്‍ എന്റെ കാലൊച്ച മറയും വരെ ഒരു പിന്‍ വിളിക്ക് വേണ്ടി അവള്‍ കാതോര്തിരുന്നുവോ? എനിക്കറിയില്ല!!