Sunday, February 21, 2010

പെണ്ണും ഒരു കഥയും

ഞാന്‍ പറഞ്ഞു, ഇനി ഒരു കഥ എഴുതാം.

ചിതലരിച്ചു തീരാറായ ജീവിതത്തിന്റെ അവസാനതാളുകള്‍ പറിച്ചു തന്നു എനിക്കവള്‍ സമ്മതം മൂളി.

പിന്നെ കുറെ ഭാവനകളും, കുറച്ചു സത്യങ്ങളും കൊണ്ട് ഞാന്‍ കഥകൂട്ട്‌ ഉണ്ടാക്കി അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.മീശ മുളക്കാത്ത കാലത്ത് ഒരു ജീവിതം കൊടുക്കാന്‍ പറഞ്ഞതും, പിന്നെ ഒരു ജീവിതം കൊടുക്കാന്‍ പ്രാപ്തി ആയി ചെന്ന് വിളിച്ചപ്പോള്‍ പരിഹസിച്ചതും, കഥക്കൂട്ട് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ മനപൂര്‍വം മറന്നു കളഞ്ഞു.

കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടി, എന്നോ എനിക്ക് വേണ്ടി എഴുതിയ കവിത അവളുടെ സമ്മതം കൂടാതെ ഞാന്‍ പോഷകമായി കഥയില്‍ ചേര്‍ത്തു.

അവസാനം കഥ ജനിച്ചു വീണപ്പോള്‍ , കഥയുടെ മാറില്‍ ഉള്ള അവളുടെ കവിതയിലെ നാല് വരികള്‍ കണ്ട വയറ്റാട്ടി അവളുടെ കാതില്‍ പറഞ്ഞു, ഈ കഥ ശരി അല്ല, ഇത് നിന്റെ അന്ധകന്‍ ആവും.

പെറ്റുവീണ കഥയുടെ പൊക്കിള്‍ കൊടിയിലെ ചോര ഉണങ്ങുന്നതിന് മുന്നേ എനിക്ക് നേരെ അവള്‍ വാളോങ്ങി.

എന്തിനു നിങ്ങള്‍ ഇങ്ങനെ ഒരു കഥയെ ജനിപ്പിച്ചു? എന്റെ ശിഷ്ട ജീവിതം നശിപ്പിക്കാനോ, അതോ നിങ്ങള്ക്ക് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ?

കഥ വളര്‍ന്നു വലുതായാല്‍, ഇങ്ങനെ ഒരു കഥയെ പത്തു മാസം ചുമന്നതിനു അവള്‍ക്കു സഹതാപവും, അതിനു കാരണക്കാരനായ എനിക്ക് ശാപവും കിട്ടും എന്ന് മനസിലാക്കാന്‍ ഒരു അമ്മയുടെ മനസ്സ് അവള്‍ക്കില്ലയിരുന്നു.

കഥയുടെ ചെവിയില്‍ ഞാന്‍ പറഞ്ഞു കൊടുത്ത അവളുടെ പപ്പയുടേയും, അമ്മയുടെയും, കുടുംബത്തിന്റെയും കാര്യങ്ങള്‍ അവളോ, പരദൂഷനക്കാരി ആയ വയറ്റാട്ടിയോ ശ്രദ്ധിച്ചില്ല, അവര്‍ക്കിപ്പോഴും താല്പര്യം, അനുരാഗത്തിന്റെ രാത്ര്കളില്‍ എന്നോ എനിക്ക് വേണ്ടി പാടിയ, കഥയുടെ ഹൃദ്യമായ, നിര്‍ദോഷമായ നാല് വരി കവിത ആയിരുന്നു.

പിന്നെ അവള്‍ ഒരമ്മയുടെ വാല്സല്യമില്ലാതെ, കഥയുടെ ഹൃദയിതിനു വേണ്ടി അലറി വിളിച്ചു. ഒടുവില്‍ മനസില്ല മനസോടെ കഥയുടെ ഹൃദയം ഞാന്‍ മുറിച്ചു മാറ്റി. നെഞ്ചില്‍ നിന്നും ചോര കിനിയുമ്പോഴും, കൊച്ചു കഥ കൈ കാലിട്ടടിച്ച്‌, മോണ കാട്ടി ചിരിച്ചു, കൂടെ ഞാനും.

Sunday, February 7, 2010

പകലുകള്‍ക്കപ്പുറത്ത്

[ ജീവിതത്തിന്റെ പകല്‍ വെളിച്ചതിലെന്നോ, കാലങ്ങള്‍ക്ക് ശേഷമുണ്ടയെക്കാവുന്ന സാഹയ്നത്തെ കുറിച്ച് എന്റെ കൂട്ടുക്കാരന്‍ എന്നോട് പറഞ്ഞ കഥ]

രു പാട് കാലം കഴിഞ്ഞു നമ്മള്‍ കണ്ടു മുട്ടിയാല്‍ എങ്ങിനെ ഇരിക്കും? വയസോക്കെ ആയി, മുടിയൊക്കെ നരച്ചു, വടിയും കുത്തി വിറയ്ക്കുന്ന കാലുകളോടെ നടന്നു വരുമ്പോള്‍, നീ എതിരെ വരും. ഞാന്‍ വിചാരിക്കും ഈ മുഖം ഒത്തിരി പരിചയം ഉണ്ടല്ലോ എന്ന്. മാറാലകള്‍ പിടിച്ച ഓര്‍മകളെ ചികഞ്ഞു പെറുക്കും.

'എവിടെയാണ് നമ്മള്‍ കണ്ടു മറന്നത്?'

നീയും സംശയിച്ചു നില്‍ക്കുകയായിരിക്കും, 'എവിടെ വച്ച്?....'

ഒരു പക്ഷെ ആ സംശയത്തോടെ നമ്മള്‍ തിരിച്ചു പോയേക്കാം,വെറുതെ ഓരോ തോന്നലുകള്‍. വയസ്സായി, ഓര്‍മയും പോയി, എന്നൊക്കെ വെറുതെ ശപിച്ചു കൊണ്ട്.

അതുമല്ലെങ്ങില്‍ നമ്മള്‍ രണ്ടു പേരും സായാഹ്ന സവാരിക്ക് ശേഷം പാര്‍കിലെ ബെഞ്ചില്‍ വിശ്രമിക്കുകയായിരിക്കാം. പാര്‍ക്കിനടുത്ത്‌ വച്ച് എവിടെ നിന്നോ പഴയകാല സിനിമ പാട്ടുകള്‍ പാടുന്നുണ്ടായിരിക്കാം.

'ഓര്‍മ്മകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു.......'

ഞാന്‍ ചെവി വട്ടം പിടിച്ചിരിക്കും. അടുത്തിരിക്കുന്ന വയസനോട് ചോതിക്കും.

'എവിടെ നിന്നാണ് ആ പാട്ട് കേള്‍ക്കുന്നത്?'

ഒരു ചെറിയ ഞെട്ടലോടെ നീ മുഖം തിരിക്കും.

'എന്താ ചോതിച്ചത്?'

'അല്ല, ഈ പാട്ട് എവിടുന്നാണ് കേള്‍ക്കുന്നത് എന്ന് ചോതിച്ചതാണ്'

'അറിയില്ല, ഞാനും കുറെ നേരമായി അത് ശ്രദ്ധിക്കുകയായിരുന്നു'

പിന്നെ ഞാന്‍ പറയും

'ഈ പാട്ട് പണ്ട് ഞങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. പണ്ട് താമസിച്ച ഹോസ്റ്റലില്‍ വച്ച്'

'ഈ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരൊക്കെ?' വിസ്മയം കൊട്നു നിന്റെ കണ്ണുകള്‍ വിടരും.

'ഓഹ് , എനിക്ക് പണ്ടൊരു ചങ്ങാതി ഉണ്ടായിരുന്നു. ഒരു പാചേനികാരന്‍ , ഒരു സജിത്ത്'

വിങ്ങലുകള്‍ നിറഞ്ഞ ഹൃദയവുമായി നീ എഴുന്നേറ്റു വരും, എന്റെ മുഖത്തേക്ക് നോക്കി ചോതിക്കും.

'എന്നെ മനസിലായോ? സൂക്ഷിച്ചു നോക്ക് '

ഒരു വെളിപാട് പോലെ എന്റെ മനസ്സില്‍ നിന്റെ പഴയ മുഖം തെളിയും.

'സജി....' ഞാന്‍ അറിയാതെ പറയും. എന്റെ കണ്ണുകള്‍ നിറയും. നേര്‍ത്ത വിതുമ്പലില്‍ ശരീരം വിറക്കും.

'അതേടാ, ഞാന്‍ തന്നെ'

'അല്ല, കറുത്ത വല്യ ആന.....'

നമ്മള്‍ ഉറക്കെ ഉറക്കെ ചിരിക്കും.പിന്നെ കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകും. ഇത്തിരി കണ്ണീരോടെ ഒരുപാട് കഥകള്‍ പറയും.

ഒരു കുസൃതിയോടെ ഞാന്‍ ചോതിക്കും.

'നിന്റെ പഴയ കുറ്റി ആ സൌമ്യ ഇപ്പോള്‍ എവിടെ ഉണ്ട്? നീ കാണാറുണ്ടോ?'

'എവിടെ, അവളെ അന്നേ ഒരു പാണ്ടി കെട്ടികൊണ്ട് പോയതല്ലേ, കുറച്ചു കൊല്ലം മുന്നേ ഒരിക്കല്‍ ഒരു ആശുപത്രിയില്‍ വച്ച് കണ്ടിരുന്നു'

പിന്നെയും നമ്മള്‍ ഒരു പാട് കാര്യങ്ങള്‍ അയവിറക്കും. ഹോസ്റെലിലെ വാര്‍ടെന്‍ ചിറ്റപ്പന് കള്ള് മേടിച്ചു കൊടുത്തു, രാത്രി തമ്പാനൂര്‍ വരെ സിനിമയ്ക്കു പോയത്. ഹോസ്റ്റല്‍ വളപ്പിലെ പഴുക്കാറായ കായ രാത്രിക്ക് രാത്രി വെട്ടിയെടുത്തു റൂമില്‍ കൊണ്ട് പോയി ചന്ദന തിരി കത്തിച്ചു പഴുപ്പിച്ചു തിന്നത്. കിഴക്കേകോട്ട വരെ ഒരു ജോഡി ചെരുപ്പിന്റെ ഓരോരോ ചെരുപ്പുകള്‍ ഇട്ടു മഴയത് നടന്നത്. റിലീസ് ആവുന്ന പടങ്ങള്‍ എല്ലാം അന്ന് തന്നെ കാണണം എന്ന വാശിക്ക് ഒരു ദിവസം തന്നെ നാല് സിനിമകള്‍ കണ്ടത്, അതിനു പിറ്റേ ദിവസം എനിക്ക് പനി പിടിച്ചു ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. സൂര്യോദയം കാണാന്‍ കന്യാകുമാരിക്ക് പോയിട്ട് സൂര്യാസ്തമയം കണ്ടിട്ട് തിരിച്ചു വന്നത്, ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ട് ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ റിപീറ്റ് ചെയ്തു കേട്ടത്.........., അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു പാട് കഥകള്‍. പിന്നെയും പണ്ടത്തെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു പിന്നെയും നമ്മള്‍ കുറെ ചിരിക്കും. ഒരു പാട് നേരം നിശബ്ദമായി ഇരിക്കും.

നേര്‍ത്ത നിശ്വാസത്തോടെ നീ പറയും. ' സന്ധ്യ ആയി, ഇനി പോകാം?'

'ഇനി കാണാന്‍ പറ്റുമോ? ' മൂകമായി കണ്ണുകള്‍ യാത്ര പറയും.

നേര്‍ത്ത ഇരുട്ടിലൂടെ ഇടറുന്ന പാദങ്ങളോടെ നമ്മള്‍ പിരിഞ്ഞു പോകും. ഒരു പാട് ദൂരം കഴിയുമ്പോള്‍ നമ്മള്‍ തിരിഞ്ഞു നോക്കും. നമുക്ക് നമ്മളെ കാണാന്‍ പറ്റില്ല, ശ്വാസം മുട്ടുന്നതുപോലെ തോന്നും. പിന്നെ മൂടല്‍ വീണ കണ്ണുകള്‍ അടച്ചു നടക്കുമ്പോള്‍ ഇനിയും കാണണം എന്ന് തോന്നും.

എന്നോ തുടങ്ങിയ, ഒരിക്കലും അവസാനിക്കാത്ത ഒരു സുഹൃത്ത് ബന്ധത്തിന്റെ ശക്തിയാല്‍ നമ്മള്‍ വീണ്ടും അതെ നേരത്ത്, അതെ സ്ഥലത്ത് ഒന്നിക്കും.അങ്ങനെ വീണ്ടും നമ്മള്‍ പഴയ ചങ്ങതിമാരാകും. വാര്‍ധക്യത്തിന്റെ അവസാനനാളുകളില്‍ അസ്തമയ സൂര്യന്‍ ഒന്ന് കൂടി ജ്വലിച്ചു കത്തും.

എന്നും രണ്ടു വയസന്മാര്‍ പാര്‍കിലെ ബെഞ്ചില്‍ ഇരുന്നു ചിരിക്കുന്നത് മറ്റുള്ളവര്‍ സംശയത്തോടെ ശ്രദ്ധിക്കും.

ഒത്തിരിക്കാലം പിന്നെയും നമ്മള്‍ നമ്മളാകും. ഒരുമിച്ചു താമസിച്ച പഴഞ്ചന്‍ ഹോസ്റെലിന്റെ ഓര്‍മ്മകള്‍ നിറയും. നമ്മുടെ പഴയ സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കും. പ്യാരി, രഞ്ജിത്, കാര്‍ത്തിക്, വിജയകുമാര്‍, ജയചന്ദ്രന്‍, അനൂപ്‌... എല്ലാവരും എവിടെ പോയി മറഞ്ഞിരിക്കും?

നിറഞ്ഞു പെയ്യുന്ന ആ സുഹൃത്ബന്ധതിനു ഒടുവില്‍ ആരായിരിക്കും ആദ്യം മറഞ്ഞു പോവുക? നീയോ അതോ ഞാനോ? തീര്‍ച്ചയായും ഞാന്‍ മതി. ഒറ്റക്കാകാന്‍ എനിക്ക് വയ്യെടാ. വേണ്ട അല്ലെ? നീ തനിചായാലോ? അതും വേണ്ട, നമ്മള്‍ ചിരംജീവികള്‍ ആയിരിക്കട്ടെ.

ആനമുട്ട , പോടാ....

Tuesday, February 2, 2010

അനാഥത്വം

മൌന മുദ്രിതമായ നിലവിളികലുമായി ഇനിയും ആശ അറ്റുപോകാത്ത,
എന്നോ അനാഥമാക്കപ്പെട്ട ഒരു ഹൃദയം.
ഉണങ്ങാത്ത മുറിവുകളില്‍ പകല്‍ മുഴുവന്‍
കഴുകന്റെ നഖപാടുകള്‍ ചെന്നിണം പടര്തിയാലും,
രാവിന്റെ ഇരുണ്ട യാമങ്ങളില്‍ പോലും,
പ്രതീക്ഷയുടെ തുടിപ്പുമായി ഉറങ്ങാതെ കാത്തിരിക്കുന്നു.

ഈ ഹൃദയത്തിന്റെ തുടിപ്പുകളില്‍ നീ
തിരിച്ചറിയാനാവാത്ത വിധം ലയിച്ചു പോയിരിക്കുന്നു.
അവിടെ, ഈ ഞാന്‍ ഇല്ല, നിന്നിലെ നീ ഇല്ല,
നമ്മിലെ നാം മാത്രം.

അനാദിയായി ഒഴുകുന്ന ഒരു പുഴ.
ശൂന്യതയിലേക്ക് തുറക്കപ്പെട്ട ഒരു ജാലകം.
വിജനതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന,
ഇലകള്‍ പൊഴിഞ്ഞു തീര്‍ന്ന ഒരു മരം.
ഒരു സ്നേഹത്തിന്റെ അപാരതയില്‍
തുഴയില്ലാത്ത തോണിയില്‍ ഏകനായി, അനാഥനായി ഞാന്‍.

Friday, January 29, 2010

നപുംസകം

ളരെ യാദ്രിശ്ചികമായിട്ടയിരുന്നു തിരക്കേറിയ ആ ഷോപ്പിംഗ്‌ മാളില്‍ വച്ചു ഞാന്‍ അവളെ കാണുന്നത്, അതും നീണ്ട പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം. തികച്ചും കുറ്റബോധം തോന്നുന്ന ചില നിമിഷങ്ങളില്‍ അവളെ ഞാന്‍ ഫോണ്‍ ചെയ്യാരുണ്ടെങ്ങില്‍ പോലും, സ്കൂള്‍ വിട്ടതിനു ശേഷം കാണുന്നത് ഇത് ആദ്യമായിട്ടാണ്.

നീണ്ട കാലയളവ്‌ എന്നിലും അവളിലും സ്വാഭാവികമായ മാറ്റങ്ങള്‍ വരുത്തിയിട്ടുന്ടെങ്ങില്‍ പോലും ആദ്യം കണ്ടപ്പോള്‍ തന്നെ നമ്മള്‍ പരസ്പരം തിരിച്ചറിഞ്ഞു. പഴയതില്‍ നിന്നും അവള്‍ കുറച്ചു കരുത്തിട്ടുണ്ടായിരുന്നു, പിന്നെ അല്പം തടിക്കുകയും ചെയ്തു. അത്യാവശ്യം നീളമുള്ള മുടി പകുതിക്ക് വച്ചു മുറിച്ചു കളഞ്ഞിരുന്നു. അതിനെല്ലതിനും ഉപരി, ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് അവളുടെ കണ്ണുകളിലെ ഭാവ മാറ്റമായിരുന്നു.എന്നും ഒരുതരം കുസൃതി നിറഞ്ഞു നിന്ന കണ്ണുകളില്‍, ദുഖത്തിന്റെയും , നഷ്ടബോധത്തിന്റെയും ഭാവങ്ങള്‍ നിഴലിച്ചു നിന്നിരുന്നു.

കശുമാവുകള്‍ മാത്രമുള്ള ആ മൊട്ടക്കുന്നിന്റെ മുകളില്‍ ഉള്ള ബോര്‍ഡിംഗ് സ്കൂളില്‍ വച്ചായിരുന്നു ഞാന്‍ അവളെ പരിചയപ്പെടുന്നത്. എന്നും ഒരുതരം സ്വപ്നലോകത്തില്‍ തുള്ളി ചാടി നടന്നിരുന്നു, ആണ്‍കുട്ടികളെ പോലെ സ്മാര്‍ട്ട്‌ ആയിരുന്ന അവളെ എന്നും എല്ലാവരും തെറ്റിദ്ധരിച്ചിരുന്നു, ഒരു പരിധി വരെ ഞാനും. എപ്പോഴും കഥകളും, കവിതകളും, സ്വപ്നങ്ങളും, കുസൃതികളും കൊണ്ട് നടന്നിരുന്ന അവള്‍ എല്ലാവരില്‍ നിന്നും എന്തൊക്കെയോ മറച്ചു പിടിക്കാന്‍ ശ്രമിച്ചിരുന്നു. എല്ലാം ഒരു ദിവസം ഒരു കരച്ചിലായി പുറത്തു വരുന്നത് വരെ അവളുടെ ശ്രമങ്ങള്‍ വിജയിച്ചിരുന്നു.

നീണ്ട ഏഴു വര്‍ഷത്തിന്റെ അവസാന നാളുകളില്‍ എപ്പോഴോ ആയിരുന്നു ആളൊഴിഞ്ഞ ക്ലാസ്സ്‌ റൂം വരാന്തകളില്‍ വച്ചു നമ്മള്‍ നമ്മുടെ പ്രണയം പറഞ്ഞത്. നനുത്ത ക്യുടികുറയുടെ മണമായിരുന്നു അവളുടെ പ്രണയത്തിനു, വെള്ളിക്കൊലുസുകളുടെ ശബ്ദവും. ഇപ്പോഴും ചിലപ്പോള്‍ ഇരുട്ട് നിറഞ്ഞ ആ ഇടനാഴികളുടെ ശ്വാസത്തില്‍ പ്രണയത്തിന്റെ ആ മണവും, ചെവികളില്‍ ആ ശബ്ദവും ഉണ്ടായിരിക്കാം. ഒരു പക്ഷെ ഇനിയും പറയപ്പെടുന്ന പുതിയ പുതിയ പ്രണയങ്ങള്‍ക്ക് പറഞ്ഞു പുളകം കൊള്ളാന്‍ ഒരു കഥ പോലെ തലമുറകള്‍ കൈ മാരിയെന്നുമിരിക്കാം.

'നീ ഒരു പാട് മാറിയിരിക്കുന്നു'

നീണ്ട മൌനത്തിനു അറുതി വരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു.

'നീയും', ചിരിച്ചു എന്ന് വരുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

'ഒരു പാട് ഷോപ്പിംഗ്‌ നടത്തിയ മട്ടുണ്ടല്ലോ?' കയ്യിലെ തുണിത്തരങ്ങളുടെ പാക്കെറ്റ് നോക്കിക്കൊണ്ട്‌ ഞാന്‍ ചോതിച്ചു.

'ഓഹ് അതോ, അത് ഒരു വിശേഷമുണ്ട്‌. എന്റെ കല്യാണം ഉറപ്പിച്ചു' . വളരെ നിസങ്കംമായ ഒരു ഭാവമായിരുന്നു അവളുടെ മുഖത്ത്.

എന്ത് പറയണം എന്ന് അറിയാതെ നില്‍ക്കുമ്പോള്‍, പഴയ കുസൃതിത്തരങ്ങള്‍ കണ്ണിലേക്കു വരുത്താന്‍ ശ്രമിച്ചു അവള്‍ തുടര്‍ന്നു.

'ഇനിയും വയ്യെടാ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കാന്‍, അമ്മയുടെ നിര്‍ബന്ധം ഒരു ഭാഗത്ത്‌, പിന്നെ അനുജത്തിയും. ഒരു പാട് കാലം എന്തിനൊക്കെയോ വേണ്ടി കാത്തിരുന്നു, ഒന്നും നടന്നില്ല. അവസാനം ഒരാള്‍ വന്നു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. ഒരു ബാധ്യത ഒഴിപ്പിക്കുന്നത് പോലെ എല്ലാവരും സമ്മതം മൂളിയപ്പോള്‍, അങ്ങനെ തന്നെ ആവട്ടെ എന്നും ഞാനും കരുതി'

ജീവിതത്തിലെ ഒരു സുപ്രധാനമായ ഒരു കാര്യം അവള്‍ വെറും നാല് വാക്യങ്ങളില്‍ ചുരുക്കി. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും അവളുടെ മനസ് ഉത്തരം കിട്ടാത്ത ഒരു സമസ്യ ആയി തന്നെ കിടന്നു.

നമ്മള്‍ ഒരാളെ പ്രണയിക്കുമ്പോള്‍ അത് ഭ്രാന്തമായ, തീവ്രമായ, അസാധാരണമായ പ്രണയം ആയിരിക്കണം, അല്ലെങ്കില്‍ അത് ഒരുതരം സമയം മെനെക്കെടുതലാണ്. അവള്‍ എന്നും പറയുന്നത് ഞാന്‍ ഓര്‍ത്തു. ജീവിതത്തില്‍ ഒരുപാട് സാധാരണമായ കാര്യങ്ങള്‍ ഉണ്ട്, പക്ഷെ പ്രണയം അതില്‍ ഒന്നായിരിക്കരുത്.

ഞാന്‍ അവളെ പ്രണയിചിരുന്നുവോ? ഈ വൈകിയ വേളയില്‍ ഇല്ല എന്ന് പറയുന്നതാണ് എനിക്കിഷ്ടം. കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരിക്കലും ഒരു സമയം മെനെക്കെടുത്തല്‍ അല്ലെങ്കില്‍ പോലും, ഭ്രാന്തമായി, തീവ്രമായി, അസാധാരണമായി ഞാന്‍ അവളെ പ്രണയിച്ചിട്ടില്ല. അവളും അങ്ങനെ തന്നെ ആവട്ടെ.

(ഇവിടെ ഒരു ഹൃദയം മുറിച്ചു മാറ്റപെട്ടിരിക്കുന്നു, അതുകൊണ്ട് ഇവിടെ ചോര കിനിയുന്നുണ്ട്)

വൈകി എടുത്ത അവളുടെ ഈ തീരുമാനം എല്ലാത്തില്‍ നിന്നും ഒരുതരം രക്ഷപ്പെട്ടുള്ള ഒളിച്ചോടല്‍ ആയിരുന്നു എന്ന് എനിക്ക് തോന്നി.

ദീര്‍ഖമായ ഒരു വിവാഹ ജീവിതം ആശസിച്ചു കൊണ്ട് നടക്കുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു, കാരണം ഒരു പക്ഷെ, ഒരൊറ്റ നോട്ടത്തില്‍ ഞാന്‍ ചിലപ്പോള്‍ അവളുടെ ആ പഴയ കൂട്ടുകാരന്‍ ആയേനെ. പിന്നില്‍ ആള്‍ക്കാരുടെ ശബ്ദങ്ങള്‍ക്കിടയില്‍ എന്റെ കാലൊച്ച മറയും വരെ ഒരു പിന്‍ വിളിക്ക് വേണ്ടി അവള്‍ കാതോര്തിരുന്നുവോ? എനിക്കറിയില്ല!!

Friday, November 27, 2009

ഒരു ബ്ലോഗിന്റെ അന്ത്യം

ഞാന്‍ എഴുതിയതെല്ലാം നിനക്കുവേണ്ടിയായിരുന്നു,
ഞാന്‍ ചിരിച്ചതും, കരഞ്ഞതും, പ്രണയിച്ചതും,
സ്വപ്‌നങ്ങള്‍ കണ്ടതുമെല്ലാം നിനക്ക് വേണ്ടി മാത്രമായിരുന്നു.

അവസാനം,
ലക്‌ഷ്യം നേടാനാവാത്ത ദുഖവും പേറി ഞാന്‍ ഇവിടെ മരിക്കട്ടെ,
കൂടെ ശിധിലങ്ങലായ കുറെ ഏറെ സര്‍ഗവാസനകളും.

കാലങ്ങളോളം ഞാന്‍ ഇവിടെ ഒരു ശിലയായി കിടക്കട്ടെ,
നിന്റെ പാദ സ്പര്‍ശനമെറ്റ് മറ്റൊരു അഹല്യയായി പുനര്‍ജനിക്കാന്‍!!!

Sunday, November 1, 2009

(എന്റെ) ദുഃഖം

നിക്കെന്റെ ഭാവന നഷ്ടപ്പെട്ടിരിക്കുന്നു,
എഴുതിത്തീരാത്ത അക്ഷരങ്ങള്‍ക്കിടയില്‍,
പറഞ്ഞുതീരാത്ത നൊമ്പരങ്ങള്‍ക്കിടയില്‍,
പ്രണയിച്ചുതീരാത്ത സ്വപ്നങ്ങള്‍ക്കിടയില്‍,
എവിടെയോ, എവിടെയോ വച്ചു
എനിക്കെന്റെ ഭാവന നഷ്ടപ്പെട്ടിരിക്കുന്നു!!

തിരഞ്ഞു പോകാത്ത വഴികളില്ല,
ചികഞ്ഞു നോക്കാത്ത ചിന്തകളില്ല,
മുട്ടിനോക്കാത്ത വാതിലുകളില്ല,
എന്നിട്ടും എനിക്കെന്റെ ഭാവന തിരിച്ചുകിട്ടിയില്ല!!

ഒടുവിലാണ് എനിക്ക് മനസിലായത്,
എനിക്ക് നഷ്ടമായത് എന്റെ ഭാവന അല്ല,
അതെന്റെ ജീവിതം തന്നെ ആയിരുന്നു എന്ന്!!!

Thursday, October 22, 2009

തോന്ന്യാക്ഷരങ്ങള്‍

ക്ടോബറിലെ പകലുകള്‍ക്ക്‌ ആയുസ് കുറവാണ്. കാലം തെറ്റി വരുന്ന മഴ കൂടി ആവുമ്പോള്‍ ഇരുട്ട് പെട്ടെന്ന് കടന്നു വരും. ആവര്‍ത്തന വിരസമായ മറ്റൊരു പകലിന്റെ അവസാനം സിദ്ധാര്‍ഥ് ഓഫീസ് വിട്ടിറങ്ങി. എപ്പോഴോ തുടങ്ങിയ മഴ തോര്‍ന്നിരുന്നു. മരത്തിന്റെ ഇലകളില്‍ അവസാന മഴത്തുള്ളിയും താഴേക്ക്‌ വീഴാന്‍ വെമ്പല്‍ കൊണ്ട് നിന്നു. പെട്ടെന്ന് എവിടെയോ നിന്നു വന്ന കാറ്റ് ഒരു ചാറ്റല്‍ മഴ പെയ്യിച്ചു എങ്ങോട്ടോ പോയി.

ഓഫീസില്‍ നിന്നും റോഡില്‍ ഇറങ്ങിയപ്പോള്‍, വാഹനങ്ങളുടെ വെപ്രാള പാച്ചില്‍ ആയിരുന്നു റോഡ്‌ മുഴുവനും. എല്ലാവരും എന്തൊക്കെയോ നേടാനുള്ള ഒരുതരം മത്സരം പോലെ ആരെയും കാത്തുനില്‍ക്കാതെ എങ്ങോട്ടൊക്കെയോ പാഞ്ഞു പോയ്കൊണ്ടിരുന്നു. മഴയുടെ തണുപ്പെന്ന കാരണം പറഞ്ഞുകൊണ്ട് ബൈക്കിന്റെ പുറകില്‍ കെട്ടിപ്പിടിച്ചിരിക്കുന്ന കാമുകി, ആരുടേയും കണ്ണില്‍ പെടുന്നില്ല എന്ന തെറ്റ് ധാരണയോടെ കര്‍ട്ടന്‍ താഴ്ത്തിയ ഓട്ടോയില്‍ തോട്ടുരുമിക്കൊണ്ട് കുശലം പറയുന്നവര്‍, ഒരു ദിവസത്തെ ജോലിയുടെ മുഴുവന്‍ ക്ഷീണവും, അടുത്ത ദിവസത്തെ ജോലിയുടെ ടെന്‍ഷനും കൊണ്ട് തലപുകഞ്ഞു കൊണ്ട് പോകുന്നവര്‍, എപ്പോഴോ തുടങ്ങിയ, എപ്പോഴോ അവസാനിക്കുന്ന മെട്രോ റെയില്‍ ന്റെ പണിക്കാര്‍, പിന്നെ എങ്ങോട്ടൊക്കെയോ പോകുന്ന ഒരുപാട് ആളുകള്‍, അങ്ങനെ എല്ലാവരും കൂടി റോഡില്‍ ഒരു വലിയ ട്രാഫിക്‌ ജാം തന്നെ ഉണ്ടാക്കിയിരുന്നു.

ഓഫീസില്‍ നിന്നു ഇറങ്ങി എങ്ങോട്ട് പോണം എന്നറിയാതെ സിദ്ധാര്‍ഥ് വിഷമിച്ചു നിന്നു. ആരെയെങ്ങിലും കൂട്ടിനു വിളിക്കാം എന്ന് വിചാരിച്ചാല്‍ എല്ലാരും തിരക്കായിരിക്കും. എല്ലാവര്ക്കും ചെയ്യാന്‍ എന്തൊക്കെയോ ഉണ്ട്, പക്ഷെ ഈ ഇടെ ആയി സിദ്ധാര്‍ഥ് ത്തിനു മാത്രം ഒന്നും ചെയ്യാന്‍ ഇല്ലാത്തതു പോലെ. പിന്നെ ഫുട്പാത്തിലൂടെ ഇറങ്ങി നടന്നു, എന്നും നടക്കാറുള്ള അതെ വഴികളിലൂടെ. സ്ഥിരമായ വഴികള്‍ ആയതു കൊണ്ട് സിദ്ധാര്‍ഥ് നു എല്ലാം പരിചയമാണ്. ഗേറ്റില്‍ നില്‍ക്കുന്ന വാച്ച് മാന്‍ , അടുത്ത പെട്രോള്‍ ബങ്ക് ലെ കരുത്തിട്ടാനെങ്ങിലും സുന്ദരിയായ പെണ്‍കുട്ടി , സൈകിളില്‍ ചായ വില്‍ക്കുന്ന തമിഴന്‍ ചെക്കന്‍, ഉന്തുവണ്ടിയില്‍ കടല വറുക്കുന്ന കൊഴികൊടുകാരന്‍ ചേട്ടന്‍ , അങ്ങനെ എല്ലാം എല്ലാം.

നേരെ നടന്നു കയറിയത് അടുത്ത ജന്ക്ഷനിലെ ബാറിലോട്ടയിരുന്നു. വാതില്‍ക്കല്‍ നില്‍ക്കുന്ന, നരച്ച യുനിഫോമും , കീറിയ തൊപ്പിയും ഇട്ട വയസന്‍ കാവല്‍ക്കാരന്‍ എഴുന്നേറ്റു നിന്നു സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു കൊടുത്തു. ബാറില്‍ സിദ്ധാര്‍ഥ് സ്ഥിരമായി ഇരിക്കാറുള്ള സീറ്റ്‌ ഒഴിഞ്ഞു കിടന്നിരുന്നു. അരണ്ട വെളിച്ചത്തില്‍ അങ്ങിങ്ങായി കുറച്ചു പേര്‍ മാത്രമേ അവിടെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. സീറ്റില്‍ ഇരുന്നപ്പോഴേക്കും വെയിറ്റര്‍ ഒരു കുപ്പി ബ്രാണ്ടി ഉം , ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ ഉം , ഒരു ഗ്ലാസും , ഒരു പ്ലേറ്റ് വറുത്ത കടലയും കൊണ്ട് വച്ചിട്ട് പരിചയ ഭാവേന ഒരു ചിരിയും ചിരിച്ചിട്ട് പോയി. അവിടെയും എല്ലാവരും സിദ്ധാര്‍ഥ് നു പരിചയം ഉള്ളവരാണ്, കാരണം കുറച്ചു നാളുകളായി സിദ്ധാര്‍ഥ് ന്റെ പകലുകള്‍ മരിക്കുന്നതും , രാവുകള്‍ ജനിക്കുന്നതും അതെ ബാറില്‍ , അതെ സീറ്റില്‍ തന്നെ ആയിരുന്നു.

സമയം കഴിയും തോറും ആള്‍ക്കാരുടെ എണ്ണം കൂടി കൂടി വന്നു. പതുക്കെ പാടിക്കൊണ്ടിരുന്ന ഏതോ കന്നഡ പാട്ടിന്റെ ശബ്ദത്തിനു മുകളില്‍ ആള്‍ക്കാരുടെ സന്തോഷങ്ങളും, വേദനകളും, സ്വപ്നങ്ങളും തല നീട്ടി പുറത്തു വന്നു. അവിടെ വരുന്ന എല്ലാവര്ക്കും സത്യങ്ങള്‍ മാത്രമേ പറയാന്‍ കഴിയു എന്ന് സിദ്ധാര്‍ഥ് നു തോന്നി. ഒരു പക്ഷെ ഒരു കുമ്പസാര കൂടും ഇത്ര അധികം സത്യങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. മറ്റുള്ളവരുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ സിദ്ധാര്‍ഥ് മാത്രം തനിച്ചിരുന്നു. മൊബൈല്‍ ഫോണിലെ അഡ്രസ്‌ ബുക്കില്‍ കണ്ണോടിച്ചപ്പോള്‍ ഒരു പാട് മുഖങ്ങള്‍ തെളിഞ്ഞു വന്നു. അവരോടൊക്കെ എന്തൊക്കെയോ സംസാരിക്കണം എന്ന് സിദ്ധാര്‍ഥ് നു തോന്നി. പക്ഷെ വിളിക്കാനും സംസാരിക്കാനും ധൈര്യം ഇല്ലാത്തതു കാരണം , അഡ്രസ്‌ ബുക്കിലെ അടുത്ത നമ്പര്‍ തിരഞ്ഞു പോയി. അവസാനത്തെ നമ്പര്‍ ഉം കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു വിഷമത്തോടെ മൊബൈല്‍ ഫോണ്‍ ടേബിളിനു മുകളില്‍ വച്ചു . പിന്നെയും എടുത്തു അഡ്രസ്‌ ബുക്ക്‌ തിരയാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം എത്ര തവണ ചെയ്യും എന്ന് സിദ്ധാര്‍ഥ് നു പോലും ഒരു കണക്കുണ്ടാവാറില്ല.

തലയ്ക്കു കനം കൂടി വരുന്നതിനു കണക്കായി, പുറത്തെ ഇരുട്ടിനും കനം കൂടിക്കൊണ്ടിരുന്നു. പിന്നെയും ഒരു പാടുപേര്‍ വന്നു , ഒരു പാടുപേര്‍ പോയി. ഒരു പാട് സങ്ങടങ്ങളും, സന്തോഷങ്ങളും, വേദനകളും അവിടെയാകെ തങ്ങി നിന്നു.

ബാറുകാരന്‍ ചെക്കന്‍ വന്നു പറഞ്ഞപ്പോഴാണ് സിദ്ധാര്‍ഥ് വാച്ചിലേക്ക് നോക്കിയത്. സമയം പതിനൊന്നു കഴിഞ്ഞിരിക്കുന്നു. വെയിറ്റര്‍ കൊടുത്ത ബില്‍ പേ ചെയ്തു തിരിച്ചിറങ്ങുമ്പോള്‍ , നേരത്തെ സല്യൂട്ട് ചെയ്തു വാതില്‍ തുറന്നു തന്ന വയസന്‍ കാവല്‍ക്കാരന്‍ ഒരു വരണ്ട ചിരിയുമായി ഒരു സല്യൂട്ട് കൂടി കൊടുത്തു. എന്നും പതിവുള്ളത് പോലെ, സിദ്ധാര്‍ഥ് പേഴ്സ് ലെ ബാക്കി ഉണ്ടായിരുന്ന ചില്ലറകള്‍ അയള്‍ക്കിട്ടുകൊടുത്തു പുറത്തേക്കിറങ്ങി.

റോഡിന്റെ മൂലയ്ക്ക് കൂട്ടിയിരുന്ന വേസ്റ്റ് കൂനയില്‍, ഭക്ഷണത്തിന് വേണ്ടി കുറെ ചാവാലി പട്ടികള്‍ കടി പിടി കൂടി. ദിക്ക് മാറി വന്നത് കൊണ്ടാവാം, ഒരു പട്ടിയെ ബാക്കി എല്ലാ പട്ടികളും കൂടി കുരച്ചു കൊണ്ട് ഓടിച്ചു. വാലും ചുരുട്ടികൊണ്ട്‌ അത് ഇരുട്ടിലേക്ക് എങ്ങോട്ടോ ഓടിപോയി.

ഇരുട്ടില്‍, ഭ്രാന്തിന്റെ വഴികളിലൂടെ നടക്കുമ്പോള്‍ സിദ്ധാര്‍ഥ് ന്റെ ഉള്ളില്‍ മറ്റൊരു ലഹരിയുടെ ആവേശം തികട്ടി വന്നു. എപ്പോഴോ മനസ്സില്‍ വീണ ആ ലഹരിയുടെ ബീജം വളര്‍ന്നു വളര്‍ന്നു ഒരു വലിയ ഭീമാകാരനായ മൃഗമായി മാറിയിരുന്നു സിദ്ധാര്‍ഥ് ന്റെ മനസ്സില്‍ അപ്പോള്‍.

അര്‍ദ്ധരാത്രിയില്‍, റോഡരികില്‍ മനുഷ്യമാംസത്തിനു വേണ്ടി സിദ്ധാര്‍ഥ് വിലപേശി. ഒരു നിമിഷത്തേക്ക് സിദ്ധാര്‍ഥ് നു അവനോടു തന്നെ അറപ്പ് തോന്നി. പക്ഷെ അകത്തു കത്തുന്ന മദ്യവും, ഒരു തരം ഭ്രാന്തമായ ആവേശവും സിദ്ധാര്‍ഥ് നെ കാര്‍ന്നു തിന്നുകയായിരുന്നു. പേശി ഉറപ്പിച്ച കാശും കൊടുത്തു, ഒരുത്തിയേയും കൂട്ടി, ഇരുട്ടില്‍ ഒരു മറ അന്വേഷിച്ചു നടന്നു.

വാതില്‍ തള്ളി തുറന്നപ്പോള്‍, മദ്യത്തിന്റെയും, സിഗരറ്റിന്റെയും ഒരു തരം വൃത്തികെട്ട മണം സിദ്ധാര്‍ഥ് ന്റെ മൂക്കിലേക്ക് തുളഞ്ഞു കയറി.തുറന്നിട്ട ജനലിലൂടെ പുറത്തെ സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചം മുറിയിലേക്ക് ഇരച്ചു കയറുന്നുണ്ടായിരുന്നു.പിന്നെ മുറിയിലെ അരണ്ട വെളിച്ചത്തില്‍ , അവര്‍ കലിയുഗത്തില്‍ നിന്നും ദ്വാപര യുഗവും , ത്രെതായുഗവും പിന്നിട്ടു യുഗങ്ങളോളം പിന്നിലോട്ടു പോയി. അവിടെ അവര്‍ മൌട്ങല്യനും, നാലായനിയുമായി. വൃദ്ധനും , കുഷ്ട്ട രോഗിയുമായ മോട്ങല്യനെ അവള്‍ ശുശ്രൂഷിച്ചു. മഹാമുനിയായ മൌട്ങല്യന്റെ കോപത്തിലും , വാശിയിലും തളരാതെ അവള്‍ മുനിവര്യന്റെ പ്രീതിക്ക് പാത്രമായി. സന്തോഷവാനായ മൌട്ങല്യന്‍ നാലായനിക്ക് വരം കൊടുക്കാന്‍ തീരുമാനിച്ചു. വരമായി തന്നെ അഞ്ചു രൂപത്തില്‍ ത്രിപ്തിപെടുത്താന്‍ നാലായനി ആവശ്യപെട്ടു. പിന്നെ മൌട്ങല്യന്‍ മരമായും , കാറ്റായും, മലയായും, മനുഷ്യനായും , അങ്ങനെ പല രൂപങ്ങള്‍ പൂണ്ടു നാലായനിയെ ത്രിപ്തിപെടുത്തി.

പകലിന്റെ ആരംഭത്തില്‍ അവര്‍ സിദ്ധാര്‍ഥ് ആയും, വേശ്യ പെണ്ണായും പുനര്‍ജനിച്ചു. വികാരം ശമിക്കാത്ത അവള്‍ , സിദ്ധാര്‍ഥ് നെ അവിടെ വിട്ടിട്ടു പോയി, അടുത്ത ജന്മത്തില്‍ ഭൂമിയിലെ ദ്രൗപതിയായി ജനിക്കാന്‍. മറ്റൊരു ആവര്‍ത്തന വിരസമായ പകലിന്റെ വരവിനെ ശപിച്ചുകൊണ്ട് സിദ്ധാര്‍ഥ് അവിടെ തന്നെ കിടന്നു.