Sunday, February 21, 2010

പെണ്ണും ഒരു കഥയും

ഞാന്‍ പറഞ്ഞു, ഇനി ഒരു കഥ എഴുതാം.

ചിതലരിച്ചു തീരാറായ ജീവിതത്തിന്റെ അവസാനതാളുകള്‍ പറിച്ചു തന്നു എനിക്കവള്‍ സമ്മതം മൂളി.

പിന്നെ കുറെ ഭാവനകളും, കുറച്ചു സത്യങ്ങളും കൊണ്ട് ഞാന്‍ കഥകൂട്ട്‌ ഉണ്ടാക്കി അവളുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു.മീശ മുളക്കാത്ത കാലത്ത് ഒരു ജീവിതം കൊടുക്കാന്‍ പറഞ്ഞതും, പിന്നെ ഒരു ജീവിതം കൊടുക്കാന്‍ പ്രാപ്തി ആയി ചെന്ന് വിളിച്ചപ്പോള്‍ പരിഹസിച്ചതും, കഥക്കൂട്ട് ഉണ്ടാക്കിയപ്പോള്‍ ഞാന്‍ മനപൂര്‍വം മറന്നു കളഞ്ഞു.

കഥയുടെ പൂര്‍ണതയ്ക്ക് വേണ്ടി, എന്നോ എനിക്ക് വേണ്ടി എഴുതിയ കവിത അവളുടെ സമ്മതം കൂടാതെ ഞാന്‍ പോഷകമായി കഥയില്‍ ചേര്‍ത്തു.

അവസാനം കഥ ജനിച്ചു വീണപ്പോള്‍ , കഥയുടെ മാറില്‍ ഉള്ള അവളുടെ കവിതയിലെ നാല് വരികള്‍ കണ്ട വയറ്റാട്ടി അവളുടെ കാതില്‍ പറഞ്ഞു, ഈ കഥ ശരി അല്ല, ഇത് നിന്റെ അന്ധകന്‍ ആവും.

പെറ്റുവീണ കഥയുടെ പൊക്കിള്‍ കൊടിയിലെ ചോര ഉണങ്ങുന്നതിന് മുന്നേ എനിക്ക് നേരെ അവള്‍ വാളോങ്ങി.

എന്തിനു നിങ്ങള്‍ ഇങ്ങനെ ഒരു കഥയെ ജനിപ്പിച്ചു? എന്റെ ശിഷ്ട ജീവിതം നശിപ്പിക്കാനോ, അതോ നിങ്ങള്ക്ക് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ?

കഥ വളര്‍ന്നു വലുതായാല്‍, ഇങ്ങനെ ഒരു കഥയെ പത്തു മാസം ചുമന്നതിനു അവള്‍ക്കു സഹതാപവും, അതിനു കാരണക്കാരനായ എനിക്ക് ശാപവും കിട്ടും എന്ന് മനസിലാക്കാന്‍ ഒരു അമ്മയുടെ മനസ്സ് അവള്‍ക്കില്ലയിരുന്നു.

കഥയുടെ ചെവിയില്‍ ഞാന്‍ പറഞ്ഞു കൊടുത്ത അവളുടെ പപ്പയുടേയും, അമ്മയുടെയും, കുടുംബത്തിന്റെയും കാര്യങ്ങള്‍ അവളോ, പരദൂഷനക്കാരി ആയ വയറ്റാട്ടിയോ ശ്രദ്ധിച്ചില്ല, അവര്‍ക്കിപ്പോഴും താല്പര്യം, അനുരാഗത്തിന്റെ രാത്ര്കളില്‍ എന്നോ എനിക്ക് വേണ്ടി പാടിയ, കഥയുടെ ഹൃദ്യമായ, നിര്‍ദോഷമായ നാല് വരി കവിത ആയിരുന്നു.

പിന്നെ അവള്‍ ഒരമ്മയുടെ വാല്സല്യമില്ലാതെ, കഥയുടെ ഹൃദയിതിനു വേണ്ടി അലറി വിളിച്ചു. ഒടുവില്‍ മനസില്ല മനസോടെ കഥയുടെ ഹൃദയം ഞാന്‍ മുറിച്ചു മാറ്റി. നെഞ്ചില്‍ നിന്നും ചോര കിനിയുമ്പോഴും, കൊച്ചു കഥ കൈ കാലിട്ടടിച്ച്‌, മോണ കാട്ടി ചിരിച്ചു, കൂടെ ഞാനും.

Sunday, February 7, 2010

പകലുകള്‍ക്കപ്പുറത്ത്

[ ജീവിതത്തിന്റെ പകല്‍ വെളിച്ചതിലെന്നോ, കാലങ്ങള്‍ക്ക് ശേഷമുണ്ടയെക്കാവുന്ന സാഹയ്നത്തെ കുറിച്ച് എന്റെ കൂട്ടുക്കാരന്‍ എന്നോട് പറഞ്ഞ കഥ]

രു പാട് കാലം കഴിഞ്ഞു നമ്മള്‍ കണ്ടു മുട്ടിയാല്‍ എങ്ങിനെ ഇരിക്കും? വയസോക്കെ ആയി, മുടിയൊക്കെ നരച്ചു, വടിയും കുത്തി വിറയ്ക്കുന്ന കാലുകളോടെ നടന്നു വരുമ്പോള്‍, നീ എതിരെ വരും. ഞാന്‍ വിചാരിക്കും ഈ മുഖം ഒത്തിരി പരിചയം ഉണ്ടല്ലോ എന്ന്. മാറാലകള്‍ പിടിച്ച ഓര്‍മകളെ ചികഞ്ഞു പെറുക്കും.

'എവിടെയാണ് നമ്മള്‍ കണ്ടു മറന്നത്?'

നീയും സംശയിച്ചു നില്‍ക്കുകയായിരിക്കും, 'എവിടെ വച്ച്?....'

ഒരു പക്ഷെ ആ സംശയത്തോടെ നമ്മള്‍ തിരിച്ചു പോയേക്കാം,വെറുതെ ഓരോ തോന്നലുകള്‍. വയസ്സായി, ഓര്‍മയും പോയി, എന്നൊക്കെ വെറുതെ ശപിച്ചു കൊണ്ട്.

അതുമല്ലെങ്ങില്‍ നമ്മള്‍ രണ്ടു പേരും സായാഹ്ന സവാരിക്ക് ശേഷം പാര്‍കിലെ ബെഞ്ചില്‍ വിശ്രമിക്കുകയായിരിക്കാം. പാര്‍ക്കിനടുത്ത്‌ വച്ച് എവിടെ നിന്നോ പഴയകാല സിനിമ പാട്ടുകള്‍ പാടുന്നുണ്ടായിരിക്കാം.

'ഓര്‍മ്മകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു.......'

ഞാന്‍ ചെവി വട്ടം പിടിച്ചിരിക്കും. അടുത്തിരിക്കുന്ന വയസനോട് ചോതിക്കും.

'എവിടെ നിന്നാണ് ആ പാട്ട് കേള്‍ക്കുന്നത്?'

ഒരു ചെറിയ ഞെട്ടലോടെ നീ മുഖം തിരിക്കും.

'എന്താ ചോതിച്ചത്?'

'അല്ല, ഈ പാട്ട് എവിടുന്നാണ് കേള്‍ക്കുന്നത് എന്ന് ചോതിച്ചതാണ്'

'അറിയില്ല, ഞാനും കുറെ നേരമായി അത് ശ്രദ്ധിക്കുകയായിരുന്നു'

പിന്നെ ഞാന്‍ പറയും

'ഈ പാട്ട് പണ്ട് ഞങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. പണ്ട് താമസിച്ച ഹോസ്റ്റലില്‍ വച്ച്'

'ഈ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ആരൊക്കെ?' വിസ്മയം കൊട്നു നിന്റെ കണ്ണുകള്‍ വിടരും.

'ഓഹ് , എനിക്ക് പണ്ടൊരു ചങ്ങാതി ഉണ്ടായിരുന്നു. ഒരു പാചേനികാരന്‍ , ഒരു സജിത്ത്'

വിങ്ങലുകള്‍ നിറഞ്ഞ ഹൃദയവുമായി നീ എഴുന്നേറ്റു വരും, എന്റെ മുഖത്തേക്ക് നോക്കി ചോതിക്കും.

'എന്നെ മനസിലായോ? സൂക്ഷിച്ചു നോക്ക് '

ഒരു വെളിപാട് പോലെ എന്റെ മനസ്സില്‍ നിന്റെ പഴയ മുഖം തെളിയും.

'സജി....' ഞാന്‍ അറിയാതെ പറയും. എന്റെ കണ്ണുകള്‍ നിറയും. നേര്‍ത്ത വിതുമ്പലില്‍ ശരീരം വിറക്കും.

'അതേടാ, ഞാന്‍ തന്നെ'

'അല്ല, കറുത്ത വല്യ ആന.....'

നമ്മള്‍ ഉറക്കെ ഉറക്കെ ചിരിക്കും.പിന്നെ കാലങ്ങള്‍ക്ക് അപ്പുറത്തേക്ക് പോകും. ഇത്തിരി കണ്ണീരോടെ ഒരുപാട് കഥകള്‍ പറയും.

ഒരു കുസൃതിയോടെ ഞാന്‍ ചോതിക്കും.

'നിന്റെ പഴയ കുറ്റി ആ സൌമ്യ ഇപ്പോള്‍ എവിടെ ഉണ്ട്? നീ കാണാറുണ്ടോ?'

'എവിടെ, അവളെ അന്നേ ഒരു പാണ്ടി കെട്ടികൊണ്ട് പോയതല്ലേ, കുറച്ചു കൊല്ലം മുന്നേ ഒരിക്കല്‍ ഒരു ആശുപത്രിയില്‍ വച്ച് കണ്ടിരുന്നു'

പിന്നെയും നമ്മള്‍ ഒരു പാട് കാര്യങ്ങള്‍ അയവിറക്കും. ഹോസ്റെലിലെ വാര്‍ടെന്‍ ചിറ്റപ്പന് കള്ള് മേടിച്ചു കൊടുത്തു, രാത്രി തമ്പാനൂര്‍ വരെ സിനിമയ്ക്കു പോയത്. ഹോസ്റ്റല്‍ വളപ്പിലെ പഴുക്കാറായ കായ രാത്രിക്ക് രാത്രി വെട്ടിയെടുത്തു റൂമില്‍ കൊണ്ട് പോയി ചന്ദന തിരി കത്തിച്ചു പഴുപ്പിച്ചു തിന്നത്. കിഴക്കേകോട്ട വരെ ഒരു ജോഡി ചെരുപ്പിന്റെ ഓരോരോ ചെരുപ്പുകള്‍ ഇട്ടു മഴയത് നടന്നത്. റിലീസ് ആവുന്ന പടങ്ങള്‍ എല്ലാം അന്ന് തന്നെ കാണണം എന്ന വാശിക്ക് ഒരു ദിവസം തന്നെ നാല് സിനിമകള്‍ കണ്ടത്, അതിനു പിറ്റേ ദിവസം എനിക്ക് പനി പിടിച്ചു ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തത്. സൂര്യോദയം കാണാന്‍ കന്യാകുമാരിക്ക് പോയിട്ട് സൂര്യാസ്തമയം കണ്ടിട്ട് തിരിച്ചു വന്നത്, ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ട് ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ റിപീറ്റ് ചെയ്തു കേട്ടത്.........., അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു പാട് കഥകള്‍. പിന്നെയും പണ്ടത്തെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു പിന്നെയും നമ്മള്‍ കുറെ ചിരിക്കും. ഒരു പാട് നേരം നിശബ്ദമായി ഇരിക്കും.

നേര്‍ത്ത നിശ്വാസത്തോടെ നീ പറയും. ' സന്ധ്യ ആയി, ഇനി പോകാം?'

'ഇനി കാണാന്‍ പറ്റുമോ? ' മൂകമായി കണ്ണുകള്‍ യാത്ര പറയും.

നേര്‍ത്ത ഇരുട്ടിലൂടെ ഇടറുന്ന പാദങ്ങളോടെ നമ്മള്‍ പിരിഞ്ഞു പോകും. ഒരു പാട് ദൂരം കഴിയുമ്പോള്‍ നമ്മള്‍ തിരിഞ്ഞു നോക്കും. നമുക്ക് നമ്മളെ കാണാന്‍ പറ്റില്ല, ശ്വാസം മുട്ടുന്നതുപോലെ തോന്നും. പിന്നെ മൂടല്‍ വീണ കണ്ണുകള്‍ അടച്ചു നടക്കുമ്പോള്‍ ഇനിയും കാണണം എന്ന് തോന്നും.

എന്നോ തുടങ്ങിയ, ഒരിക്കലും അവസാനിക്കാത്ത ഒരു സുഹൃത്ത് ബന്ധത്തിന്റെ ശക്തിയാല്‍ നമ്മള്‍ വീണ്ടും അതെ നേരത്ത്, അതെ സ്ഥലത്ത് ഒന്നിക്കും.അങ്ങനെ വീണ്ടും നമ്മള്‍ പഴയ ചങ്ങതിമാരാകും. വാര്‍ധക്യത്തിന്റെ അവസാനനാളുകളില്‍ അസ്തമയ സൂര്യന്‍ ഒന്ന് കൂടി ജ്വലിച്ചു കത്തും.

എന്നും രണ്ടു വയസന്മാര്‍ പാര്‍കിലെ ബെഞ്ചില്‍ ഇരുന്നു ചിരിക്കുന്നത് മറ്റുള്ളവര്‍ സംശയത്തോടെ ശ്രദ്ധിക്കും.

ഒത്തിരിക്കാലം പിന്നെയും നമ്മള്‍ നമ്മളാകും. ഒരുമിച്ചു താമസിച്ച പഴഞ്ചന്‍ ഹോസ്റെലിന്റെ ഓര്‍മ്മകള്‍ നിറയും. നമ്മുടെ പഴയ സുഹൃത്തുക്കളെ കുറിച്ച് അന്വേഷിക്കും. പ്യാരി, രഞ്ജിത്, കാര്‍ത്തിക്, വിജയകുമാര്‍, ജയചന്ദ്രന്‍, അനൂപ്‌... എല്ലാവരും എവിടെ പോയി മറഞ്ഞിരിക്കും?

നിറഞ്ഞു പെയ്യുന്ന ആ സുഹൃത്ബന്ധതിനു ഒടുവില്‍ ആരായിരിക്കും ആദ്യം മറഞ്ഞു പോവുക? നീയോ അതോ ഞാനോ? തീര്‍ച്ചയായും ഞാന്‍ മതി. ഒറ്റക്കാകാന്‍ എനിക്ക് വയ്യെടാ. വേണ്ട അല്ലെ? നീ തനിചായാലോ? അതും വേണ്ട, നമ്മള്‍ ചിരംജീവികള്‍ ആയിരിക്കട്ടെ.

ആനമുട്ട , പോടാ....

Tuesday, February 2, 2010

അനാഥത്വം

മൌന മുദ്രിതമായ നിലവിളികലുമായി ഇനിയും ആശ അറ്റുപോകാത്ത,
എന്നോ അനാഥമാക്കപ്പെട്ട ഒരു ഹൃദയം.
ഉണങ്ങാത്ത മുറിവുകളില്‍ പകല്‍ മുഴുവന്‍
കഴുകന്റെ നഖപാടുകള്‍ ചെന്നിണം പടര്തിയാലും,
രാവിന്റെ ഇരുണ്ട യാമങ്ങളില്‍ പോലും,
പ്രതീക്ഷയുടെ തുടിപ്പുമായി ഉറങ്ങാതെ കാത്തിരിക്കുന്നു.

ഈ ഹൃദയത്തിന്റെ തുടിപ്പുകളില്‍ നീ
തിരിച്ചറിയാനാവാത്ത വിധം ലയിച്ചു പോയിരിക്കുന്നു.
അവിടെ, ഈ ഞാന്‍ ഇല്ല, നിന്നിലെ നീ ഇല്ല,
നമ്മിലെ നാം മാത്രം.

അനാദിയായി ഒഴുകുന്ന ഒരു പുഴ.
ശൂന്യതയിലേക്ക് തുറക്കപ്പെട്ട ഒരു ജാലകം.
വിജനതയുടെ തുരുത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന,
ഇലകള്‍ പൊഴിഞ്ഞു തീര്‍ന്ന ഒരു മരം.
ഒരു സ്നേഹത്തിന്റെ അപാരതയില്‍
തുഴയില്ലാത്ത തോണിയില്‍ ഏകനായി, അനാഥനായി ഞാന്‍.